District News
പത്തനംതിട്ട: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ പത്തനംതിട്ട ജില്ലയിലെ സ്ഥാനാർഥികൾ ഉൾപ്പെട്ടിട്ടില്ല. കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന തിരുവല്ല മണ്ഡലത്തിലെ സ്ഥാനാർഥിയായി യുഡിഎഫ് ജില്ലാ ചെയര്മാന് കൂടിയായ അഡ്വ. വര്‍ഗീസ് മാമ്മനെ പ്രഖ്യാപിച്ചതു മാത്രമാണ് യുഡിഎഫിനുണ്ടായ ആശ്വാസം.
ജില്ലയിലെ മറ്റ് നാല് മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് മത്സരിക്കേണ്ടത്. ആദ്യ പട്ടികയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന നേതാക്കളും പ്രവർത്തകരും വൈകുന്നേരം വരെ ഡിസിസിയില്കാത്തിരുന്നെങ്കിലും നിരാശരായി.
ആറന്മുളയില് അബിന്‍ വര്‍ക്കി, റാന്നിയില്‍ പഴകുളം മധു , സംവരണ മണ്ഡലമായ അടൂരില്‍ അഡ്വ സി.വി. ശാന്തകുമാര്‍ എന്നീ പേരുകളാണ് അവസാനപട്ടികയില്‍ ഉണ്ടായിരുന്നത്. കോന്നിയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചും അവ്യക്തത തുടരുകയാണ്.
എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം കടുപ്പിച്ചതോടെ അടൂര്‍ പ്രകാശ് കോന്നിയിലേക്കെത്തില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചു. പകരം ആരു മത്സരിക്കുമെന്നതില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമുണ്ട്. ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിലിന്റെ പേരിനാണ് മുന്‍തൂക്കം. ഇദ്ദേഹത്തിന്റെ സഹോദരന് കൂടിയായ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. ഷൈലാജിന്റെ പേരും പരിഗണനയിലുണ്ട്. ഷൈലാജ് ദിവസങ്ങളായി ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്തു സ്ഥാനാർഥിത്വത്തിനായി കരുക്കള്‍ നീക്കുന്നുണ്ട്.
എല്ലാ മണ്ഡലങ്ങളിലും പുറമേ നിന്നുള്ളവര്‍ മത്സരിക്കുന്നത് പ്രാദേശിക നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പിന് കാരണമായിട്ടുണ്ട്. ജയസാധ്യതയും സാമൂദായിക പരിഗണനകള്‍ കൂടി ഉറപ്പാക്കി വേണം സ്ഥാനാര്‍ഥി പ്രഖ്യാപനമെന്നാണ് ജില്ലയിലെ നേതാക്കളുടെ ആവശ്യം.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വളരെ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച എല്‍ഡിഎഫ് പ്രചരണത്തിൽ ബഹുദൂരം മുന്നേറികഴിഞ്ഞു.
Kerala
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിനുപിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ മുസ്ലിം ലീഗും സജീവമാക്കി. യുഡിഎഫിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന പാർട്ടി ഇത്തവണയും മുസ്ലിം ലീഗ് തന്നെയാകുമെന്നാണ് സൂചനകൾ.
വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതിന് താഴെത്തട്ടിൽ നിന്നുവരെ അഭിപ്രായ രൂപീകരണം ഇതിനകം നടന്നുകഴിഞ്ഞു. യുവാക്കൾക്കും വനിതകൾക്കും പരിഗണന നൽകിക്കൊണ്ടും മുതിർന്ന നേതാക്കളിൽ അനിവാര്യരായവരെ തുടരാൻ അനുവദിച്ചുമുള്ള സ്ഥാനാർഥി നിർണയമാണ് മുസ്ലിം ലീഗ് നേതൃത്വം സ്വീകരിക്കുന്നത്.
പാർട്ടി മത്സരിക്കുന്ന ഓരോ മണ്ഡലത്തിലും വിജയസാധ്യത ഏത് നേതാവിനെന്നറിയാൻ ആഭ്യന്തര സർവേയും ഇതിനകം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടിയുടെ പ്രാദേശിക നേതാക്കളിൽ മഹാഭൂരിപക്ഷവും വിജയിച്ച സാഹചര്യത്തിൽ പ്രാദേശിക തലത്തിൽനിന്ന് നിയമസഭാ സീറ്റുകളിലേക്ക് സ്ഥാനമോഹികളുടെ എണ്ണം കുറയുമെന്നാണ് പാർട്ടി നേതൃത്വം കണക്കാക്കുന്നത്. വാർഡ് തലം മുതൽ പാർട്ടി അണികളുടെ അഭിപ്രായംകൂടി കണക്കിലെടുത്തായിരിക്കും മുൻ വർഷങ്ങളെ പോലെ സ്ഥാനാർഥികളെ നിർണയിക്കുന്നത്. സ്വന്തം നിലയിൽ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി വിമത നീക്കം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
വിജയസാധ്യതയുള്ള ഒരു സീറ്റിലെങ്കിലും ഒരു വനിതാ സ്ഥാനാർഥിയെ ഇത്തവണ മത്സരിപ്പിച്ചേക്കും. കൂത്തുപറന്പ് മണ്ഡലത്തിൽ ജയന്തി രാജനെ ലീഗ് സ്ഥാനാർഥിയാക്കാൻ നീക്കമുണ്ട്. പാർട്ടിയുടെ ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയിൽനിന്ന് ഇത്തവണ ഒരു വനിതാ സ്ഥാനാർഥിക്ക് സാധ്യത വർധിച്ചിട്ടുണ്ട്. മുതിർന്ന വനിതാ ലീഗ് നേതാവ് സുഹറ മന്പാട്, ഫാത്തിമ തഹ്ലിയ, എം.കെ. റഫീഖ തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നുവരുന്നത്.
സംസ്ഥാന നേതാക്കളിൽ ഏതാനും പേർ ഇത്തവണയും മത്സരിച്ചേക്കും. മൂന്നു തവണ വിജയിച്ചവർ വീണ്ടും മത്സരിക്കേണ്ടെന്ന പൊതുധാരണയുണ്ടെങ്കിലും മുതിർന്ന നേതാക്കളിൽ ചിലർക്ക് ഇളവുണ്ടാകും. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എൻ.എ. ഖാദർ തുടങ്ങിയവർ ഇത്തവണയും മത്സരിച്ചേക്കും. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന് ഇത്തവണ സീറ്റ് നൽകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി മണ്ഡലത്തിൽ സ്ഥാനാർഥിയാകേണ്ടിയിരുന്ന സലാം, മുതിർന്ന നേതാവ് കെ.പി.എ. മജീദിന് വേണ്ടി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. തുടർന്നാണ് സലാമിന് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം നൽകിയത്. ഇത്തവണ സലാം മത്സരിക്കുകയാണെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവരും.
ആ സ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടെത്തും. കോഴിക്കോട് ജില്ലയിലെ പ്രമുഖ നേതാവായ ഡോ. എം.കെ. മുനീറിനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ചൂടേറിയ ചർച്ചകൾ നടക്കുന്നുണ്ട്. മത്സരിക്കാൻ മുനീർ സന്നദ്ധത അറിയിച്ചതായാണ് സൂചനകൾ. അതേസമയം, പാർട്ടി പ്രവർത്തകരിൽ വലിയൊരു വിഭാഗം ഇതിനെ എതിർക്കുന്നുണ്ട്.
ഡോ. മുനീറിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ അദ്ദേഹം മത്സര രംഗത്തുനിന്ന് വിട്ടുനിൽക്കണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. അതേസമയം, മുനീർ പിന്മാറാൻ തയാറായില്ലെങ്കിൽ അദ്ദേഹത്തിന് സീറ്റ് നൽകേണ്ടി വരും. ഇക്കാര്യത്തിൽ പാർട്ടി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടേതാകും അവസാന തീരുമാനം.
മലപ്പുറം ജില്ലയിൽ ഭൂരിപക്ഷം സീറ്റുകളിലും പാർട്ടിക്ക് വിജയപ്രതീക്ഷയുണ്ട്. അതേസമയം, അടുത്ത കാലത്ത് പാർട്ടിക്ക് നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാൻ ഏറെ പാടുപെടേണ്ടി വരും. താനൂർ സീറ്റിൽ മന്ത്രി വി. അബ്ദുറഹ്മാനിലൂടെ ഇടതുപക്ഷം ശക്തമാക്കിയ സ്വാധീനം തകർക്കൽ ലീഗിന് എളുപ്പമാകില്ല.
പെരിന്തൽമണ്ണ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലാണ് സീറ്റ് പിടിച്ചെടുക്കാനായത്. ഈ വിജയം നിലനിർത്തൽ എളുപ്പമാകില്ല. മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ ഇത്തവണ ഇവിടെ യുഡിഎഫ് അട്ടിമറി വിജയം നേടിയത് ലീഗിന് പ്രതീക്ഷ നൽകുന്നതാണ്. പൊന്നാനി, തവനൂർ, നിലന്പൂർ, വണ്ടൂർ മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് ആണ് മത്സരിക്കാറുള്ളത്. ഇവിടെയും മുസ്ലിം ലീഗ് വോട്ടുകൾ നിർണായകമാണ്.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ലെന്നാണ് സിപിഎമ്മിന്റെ സമീപനം.
സിപിഎം നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിർദ്ദേശപത്രിക തള്ളാനും പിൻവലിപ്പിക്കാനും ശ്രമിക്കുകയാണ്. സിപിഎമ്മിന്റേത് വിചിത്രമായ നടപടികളെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. ഒപ്പ് സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസർ എതിർക്കുന്നു.
സിപിഎം ഫാസിസ്റ്റ് പാർട്ടിയായി മാറുകയാണെന്നും സതീശൻ ആരോപിച്ചു. നീതിപൂർവമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സിപിഎം തടയുന്നു. എന്ത് തോന്നിവാസവും കാണിക്കാം എന്നതാണ് ധാരണ. എന്തൊക്കെ കാണിച്ചാലും സിപിഎം തെരഞ്ഞെടുപ്പിൽ ജയിക്കില്ല.
നാമ നിർദ്ദേശപത്രികകൾ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി. ഡി.സതീശൻ കൂട്ടിച്ചേർത്തു.
District News
മഞ്ചേരി : സിപിഎം കാവപ്പുര ബ്രാഞ്ച് കമ്മിറ്റി അംഗത്തെ മുസ്ലിം ലീഗ് പ്രവർത്തകർ മർദിച്ചുവെന്ന പരാതിക്കെതിരെ കോടതിയുടെ രൂക്ഷവിമർശനം. പൊതുപ്രവർത്തകർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി നൽകുന്ന കേസുകൾ അംഗീകരിക്കാനാകില്ലെന്ന് കോടതി വിലയിരുത്തി.
മുസ്ലിം ലീഗ് സ്ഥാനാർഥികളായ ടി. നിയാസ്, അബ്ദുള്ള യാഫിഖ്, ബഷീർ പാറയിൽ എന്നിവർക്കും ലീഗ് പ്രവർത്തകനായ പാറമ്മൽ അബ്ദുൾ നാസറിനും മുൻകൂർ ജാമ്യം അനുവദിച്ചാണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി പരാമർശം നടത്തിയത്.
താനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും താനൂർ മണ്ഡലം യൂത്ത് ലീഗ് ട്രഷററുമായ ടി. നിയാസിന്റെ വോട്ട്, വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആർ. കോമുക്കുട്ടിയുടെ നേതൃത്വത്തിൽ പരാതി കൊടുത്തിരുന്നു.
ഇക്കാര്യത്തിൽ കോണ്‍ഗ്രസ് നേതാക്കൾക്ക് സിപിഎം പിന്തുണയും അറിയിച്ചു. തുടർന്ന് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രവർത്തകർ ചേർന്ന് മുസ്ലിം ലീഗ് പ്രവർത്തകരായ ടി. നിയാസ്, അബ്ദുള്ള യാഫിഖ്, അബ്ദുൾ നാസർ പാറമ്മൽ, ബഷീർ പാറയിൽ എന്നിവരുമായി വാക്കേറ്റമുണ്ടായി.
സംഭവത്തിൽ മുസ്ലിം ലീഗ് നേതാക്കൾ സിപിഎം പ്രവർത്തകരെ ചോദ്യം ചെയ്തതോടെ ഇരു വിഭാഗവും തമ്മിൽ അടിപിടിയും നടന്നു. ഇക്കഴിഞ്ഞ അഞ്ചിന് വൈകീട്ട് അഞ്ചുമണിക്ക് പൊൻമുണ്ടം പഞ്ചായത്ത് കാര്യാലയത്തിലാണ് അടിപിടി നടന്നത്. അക്രമത്തിൽ സിപിഎം കാവപ്പുര ബ്രാഞ്ച് കമ്മിറ്റിയംഗം റഉൗഫ്, സൈനുദ്ദീൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇതോടെയാണ് സിപിഎം പ്രവർത്തകർ പൊൻമുണ്ടം മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ പരാതി നൽകിയത്. കൽപ്പകഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മന്ത്രി വി. അബ്ദുറഹ്മാന്റെ സ്വാധീനത്താൽ ലീഗ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്തതായും ആരോപണമുണ്ട്.
പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനോ ഹിയറിംഗിന് ഹാജരാകോനോ സാധിച്ചിരുന്നില്ല. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടു കൂടി മുസ്ലിം ലീഗ് നേതാക്കൾക്ക് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തടസങ്ങൾ നീങ്ങി. അഭിഭാഷകരായ കെ.വി. യാസർ, എ.കെ. മുഹമ്മദ് സക്കരിയ, ഷംന വടക്കേതിൽ എന്നിവരാണ് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുൻ എംഎൽഎ കെ.എസ്.ശബരിനാഥൻ കവടിയാറിൽ നിന്ന് ജനവധിതേടും.
ശബരിനാഥൻ ഉൾപ്പടെ 48 സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇത്തവണ കോർപ്പറേഷൻ ഭരണം യുഡിഎഫ് പിടിക്കുമെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് കെ.മുരളീധരൻ പറഞ്ഞു. തിങ്കളാഴ്ച മുതൽ പ്രചാരണ ജാഥകള്‍ ആരംഭിക്കും.
മറ്റ് സ്ഥാനാർഥികളെ രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു. നഗരസഭ പിടിക്കുകയെന്ന ലക്ഷ്യത്തിൽ ഒറ്റക്കെട്ടോടെയാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. ഘകകക്ഷികളുമായി ചില സീറ്റുകളിൽ തീരുമാനമാകേണ്ടതുണ്ട്.
മുസ്ലീം ലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി എന്നിവരുമായി ചർച്ച പുരോഗമിക്കുകയാണ്. വിജയിക്കാൻ കഴിയുമെന്ന് പൂർണ വിശ്വാസമുണ്ട്. 51 സീറ്റാണ് ലക്ഷ്യമെന്നും വാർത്താ സമ്മേളനത്തിൽ കെ. മുരളീധരൻ വ്യക്തമാക്കി.
ജോണ്സണ് ജോസഫ് (ഉള്ളൂര്‍), കെഎസ്യു വൈസ് പ്രസിഡന്റ് സുരേഷ് (മുട്ടട), ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡിസിസി സെക്രട്ടറി എം.എസ്. അനിൽകുമാര്‍ (കഴക്കൂട്ടം) തുടങ്ങിയവരും ആദ്യഘട്ട പട്ടികയിലിടം നേടി.